Kerala
മൂന്നാര്: മൂന്നാറില് വീണ്ടും നീലക്കുറിഞ്ഞി വസന്തം. സമുദ്രനിരപ്പില് നിന്ന് 6,000 അടി ഉയരത്തിലുള്ള മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. 12 വര്ഷത്തിനു ശേഷമാണ് ഇവിടെ നീലക്കുറിഞ്ഞി പൂവിടുന്നത്.
പ്രകൃതിയുടെ മനോഹര കാഴ്ച ആസ്വദിക്കുന്നതിനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. സഞ്ചാരികള്ക്കായി പ്രത്യേക ട്രക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2014ലാണ് ഇവിടെ നീലക്കുറിഞ്ഞി പൂത്തത്. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പൂവിടല് കൊരണ്ടക്കാട് മലനിരകളെ വയലറ്റ് നിറത്തിലാക്കിയിരിക്കുകയാണ്. പ്രവേശന ഫീസ് നല്കി സഞ്ചാരികള്ക്ക് മലനിരകളിലേക്ക് ട്രക്കിംഗ് നടത്താനും അനുമതിയുണ്ട്.
നീലക്കുറിഞ്ഞി പൂവിടുന്നതും പ്രദേശത്തെ പ്രകൃതിദൃശ്യങ്ങളും കാണുന്നതിനായി booking.kdhptea.com എന്ന വെബ്സൈറ്റ് വഴിയോ ക്യുആര് കോഡ് ഉപയോഗിച്ചോ അല്ലെങ്കില് മൂന്നാര്ടോപ്പ് സ്റ്റേഷന് റോഡിലെ ഗ്രഹാംസ്ലാന്ഡ് ചായ് ബസാര് ഔട്ട്ലെറ്റില് നിന്നു നേരിട്ടോ ടിക്കറ്റുകള് എടുക്കാം. ട്രക്കിംഗ് ആരംഭിക്കുന്ന സ്ഥലത്തേക്കും തിരിച്ചും കെഎസ്ആര്ടിസിയുടെ ഷട്ടില് സര്വീസും ആരംഭിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: പഴയ ആലുവ-മൂന്നാർ രാജപാത പുനഃസ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന്റെ ഭാഗമായി വനം മന്ത്രി ഷിബു ബേബി ജോൺ പാത സന്ദർശിക്കും.
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ ആവശ്യം പരിഗണിച്ചാണ് വനം മന്ത്രി ഷിബു ബേബി ജോൺ എട്ടിനു രാവിലെ എട്ടിന് രാജപാത സന്ദർശിക്കുന്നത്.
പാത പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആദ്യ മന്ത്രിസഭായോഗത്തിനുശേഷം എംഎൽഎ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഷിബു ബേബി ജോൺ എന്നിവരെ നേരിൽക്കണ്ട് രേഖാമൂലം ആവശ്യം ഉന്നയിച്ചിരുന്നു.
Kerala
മൂന്നാര്: ടൂറിസം പോലീസ് സ്റ്റേഷന് മൂന്നാറില് സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്.
മൂന്നാറില് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവരുമായി നടത്തിയ ചര്ച്ചകള്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ടൂറിസ്റ്റുകള്ക്ക് നേരേയുള്ള ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.
അനിഷ്ടസംഭവങ്ങള് ഒഴിവാക്കാന് ജില്ലാ കളക്ടര്, ജില്ലാ പോലീസ് മേധാവി എന്നിവര് അതിര്ത്തി ജില്ലയിലെ കളക്ടര്,പോലീസ് മേധാവി എന്നിവരുമായി ചേര്ന്ന് ഏകോപനത്തോടെ പ്രവര്ത്തിക്കുമെന്നും മന്ത്രി പറഞ്ഞു
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്ണായക യോഗം ഇന്ന് മൂന്നാറിൽ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം 25 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങളിലെയും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തിൽ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
15000 വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് കടത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തത്. ഇതിലൂടെ രാജ്യത്ത് കോടികളുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. സൂപ്പർ കാറുകൾ, ബൈക്കുകൾ അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്.
നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ ഉൾപ്പടെയുള്ള വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
Kerala
ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്.
വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഉയരുന്ന സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. പരിശോധനകൾക്ക് ശേഷമേ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു.
Kerala
മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര് സംസ്ഥാന പാതയില് തലയാര് ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച കാര് കൊമ്പന്റെ ആക്രമണത്തില്നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാറിന്റെ മുകള്ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്ത്തിയതോടെ കാറിന്റെ പിന്ഭാഗത്തെ ചില്ലുകള് തകര്ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര് ഉച്ചത്തില് ഹോണടിച്ചു പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര് മുന്നോട്ടെടുത്തു യാത്രക്കാര് രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്ത്തുന്നത്. മൂന്നു മാസങ്ങള്ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.
പിന്നീട് പടയപ്പയെ നിരീക്ഷിക്കാന് റാപ്പിഡ് റെസ്പോണ്സ് ടീമിന്റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില് തുടര്ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില് ആശങ്ക ഉണര്ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന് കൂടുതല് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്ന്നിരിക്കുകയാണ്.
Education
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളജിന്റെ ഭരണ നിർവഹണാധികാരം പൂർണമായി ഐഎച്ച്ആർഡിക്ക് കൈമാറുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
കൈമാറ്റത്തിലൂടെ അടുത്ത അധ്യയന വർഷം മുതൽ അതിനൂതനമായ സാങ്കേതിക ശാഖകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാനാകും. ഹൈറേഞ്ച് മേഖലയിലെ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനം മികവിന്റെ കേന്ദ്രമായി മാറ്റുന്നതിലേക്കുള്ള നിർണായക ചുവടുവയ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ഗ്രാന്റ് ഇൻ എയ്ഡ് പദവിയുള്ള ഐഎച്ച്ആർഡി, കോളജ് ഏറ്റെടുക്കുന്നതുമൂലം സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക പദ്ധതി വിഹിതമായി അനുവദിക്കും.
മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ അധ്യാപക തസ്തികകൾ അനുവദിച്ച് സ്ഥാപനത്തിന്റെ എൻബിഎ അക്രഡിറ്റേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങളിലൊന്ന് എൻജിനിറിംഗ് കോളജ് കാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി.
Kerala
തൊടുപുഴ: സംസ്ഥാനത്ത് അള്ട്രാവയലറ്റ് വികിരണ തോത് ഏറ്റവും കൂടിയ നഗരമായി മൂന്നാര് മാറുന്നു. ഏതാനും ദിവസങ്ങളായി ഇവിടത്തെ യുവി സൂചിക കൂടിയ നിലയില് തുടരുകയാണ്. തിങ്കളാഴ്ച യുവി സൂചിക എട്ട് രേഖപ്പെടുത്തിയതിനെ തുടര്ന്നു ഇവിടെ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ സൂചിക ഏഴായതിനാല് മഞ്ഞ അലര്ട്ടായിരുന്നു. ഇതിനു പുറമെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും യുവി സൂചിക ഏഴിലെത്തി. യുവി സൂചിക എട്ടുമുതല് പത്തുവരെ ഓറഞ്ച് അലര്ട്ടും 11 മുകളിലെത്തിയാല് റെഡ് അലര്ട്ടും പ്രഖ്യാപിക്കും. കൊട്ടാരക്കര-6, ചെങ്ങന്നൂര്-6, ചങ്ങനാശേരി-6, തൃത്താല-6, മാനന്തവാടി-6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി സൂചിക.
സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി സംസ്ഥാനത്തെ 14 ജില്ലകളിലെ സ്റ്റേഷനുകളിലും തത്സമയ യുവി സൂചിക പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഇവിടെനിന്നു ലഭിക്കുന്ന വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിനായി നല്കുന്നത്. യുവി സൂചിക കൂടുതലുള്ള പ്രദേശങ്ങളില് തുടര്ച്ചയായി കൂടുതല് സമയം ഉയര്ന്ന അളവിലുള്ള അള്ട്രാവയലറ്റ് രശ്മികള് ഏല്ക്കുന്നതു സൂര്യാതപത്തിനും ചര്മരോഗങ്ങള്ക്കും നേത്രരോഗങ്ങള്ക്കും കാരണമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
രാവിലെ പത്തുമുതല് ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയങ്ങളിലാണ് ഉയര്ന്ന അള്ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര് നല്കുന്ന മുന്നറിയിപ്പ്.
പുറംജോലികളില് ഏര്പ്പെടുന്നവര്, കടലിലും ഉള്നാടന് മത്സ്യബന്ധനത്തിലും ഏര്പ്പെടുന്ന തൊഴിലാളികള്, ബൈക്ക് യാത്രക്കാര്, വിനോദസഞ്ചാരികള്, ചര്മ-നേത്ര രോഗമുള്ളവര്, കാന്സര് രോഗികള് എന്നിവര്ക്കു പുറമെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രതപുലര്ത്തണമെന്നും നിര്ദേശിച്ചിട്ടുണ്ട്.
പകല്സമയം പുറത്തിറങ്ങുമ്പോള് തൊപ്പി, കുട, സണ്ഗ്ലാസ്എന്നിവ ഉപയോഗിക്കുന്നത് ആശ്വാസം നല്കും. ശരീരം മുഴുവന് മറയ്ക്കുന്ന തരത്തിലുള്ള കോട്ടണ് വസ്ത്രങ്ങള് ധരിക്കുന്നതും ഗുണകരമാണ്. അതേസമയം ചൂട് വര്ധിച്ചതും പരീക്ഷക്കാലം ആരംഭിച്ചതും മൂലം മൂന്നാറില് സഞ്ചാരികളുടെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പകല് കടുത്ത ചൂടായതിനാല് എത്തുന്ന സഞ്ചാരികള്ക്ക് പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യവുമുണ്ട്. പകല് ചൂട് കൂടുതലാണെങ്കിലും രാത്രി സാമാന്യം തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം മൂന്നാറില് താപനില മൈനസ് ഒന്നിലെത്തിയിരുന്നു.
എന്നാല് വളരെ വേഗം മഞ്ഞ് മൂടിയ അന്തരീക്ഷം ഇവിടെനിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും പ്രതിഫലനമാണ് ഇപ്പോള് പ്രകടമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Kerala
മൂന്നാര്: തോട്ടം മേഖലയില് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയായി മാറുകയാണ് പടയപ്പയെന്ന കാട്ടുകൊമ്പന്. നേരത്തേ ജനവാസ മേഖലയില് എത്തിയിരുന്നെങ്കിലും പടയപ്പ ആക്രമണ സ്വഭാവം കാണിച്ചിരുന്നില്ല. അടുത്തിടെയാണ് സഞ്ചാരികള്ക്കും വാഹനങ്ങള്ക്കും വ്യാപാരസ്ഥാപനങ്ങക്കുമെതിരേ പടയപ്പയുടെ പടപ്പുറപ്പാട്.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്ന്നു കഴിഞ്ഞ ഏതാനും നാളുകളായി വനം വകുപ്പിന്റെ നീരീക്ഷണത്തിലാണ് ഈ കാട്ടുകൊമ്പന്. ഞായറാഴ്ച രാത്രി കടലാര് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില് കറുപ്പുസ്വാമിയുടെ ഓട്ടോ തകര്ത്തു. ഇദ്ദേഹം ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഓട്ടോ പൂര്ണമായും തകര്ന്നു.
ശനിയാഴ്ച രാത്രി മറയൂര്-മൂന്നാര് റോഡില് എട്ടാംമൈലില് സഞ്ചാരികളുടെ ബസിന്റെയും കാറിന്റെയും ചില്ലുകള് പടയപ്പ തകര്ത്തിരുന്നു. യാത്രക്കാര് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശികള് സഞ്ചരിച്ച കാറാണ് തകര്ത്തത്. മറയൂരില് നിന്നു മൂന്നാറിലേക്ക് പോയ ബസിനുനേരേയായിരുന്നു അടുത്ത ആക്രമണം. ബസിന്റെ ചില്ലുകള് തകര്ത്ത ശേഷം ഇതിനു സമീപം നിലയുറപ്പിക്കുകയായിരുന്നു.ഏതാനും ദിവസം മുമ്പ് പടയപ്പയുടെ ആക്രമണത്തില്നിന്ന് ഈരാട്ടുപേട്ട സ്വദേശികളായ രണ്ടു പേര് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
►സ്വഭാവമാറ്റം മൂന്നു വര്ഷത്തിനിടെ◄
മനുഷ്യരെ ആക്രമിക്കാത്ത കാട്ടാനയെന്ന നിലയില് ജനങ്ങള് കണ്ടിരുന്ന പടയപ്പയുടെ ആക്രണത്തില് എണ്ണമറ്റ വാഹനങ്ങള്ക്കാണ് കേടുപാടുകള് സംഭവിച്ചത്. കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ നാല്പതോളം വാഹനങ്ങള്ക്കുനേരേ പടയപ്പയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ബൈക്ക്, കാര്, ജീപ്പ്. ഓട്ടോ, ബസ് തുടങ്ങിയ വാഹനങ്ങളെല്ലാം ഇതില് ഉള്പ്പെടും. നിര്ത്തിയിട്ടിരുന്ന വാഹനങ്ങളെയാണ് ആദ്യം ആക്രമിച്ചിരുന്നതെങ്കിലും പിന്നീട് സഞ്ചാരികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളെയും ആക്രമിക്കാന് തുടങ്ങി.
മൂന്നാര് ഉദുമല്പേട്ട അന്തര് സംസ്ഥാന പാതയില് സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതല് ആക്രമണത്തിനിരയായത്. ഈ പാതയിലൂടെ സര്വീസ് നടത്തുന്ന കെഎസ്ആര്ടിസി ബസ് മുതല് വിനോദ സഞ്ചാരികള് എത്തുന്ന ടൂറിസ്റ്റ് ബസുകള് വരെ പടയപ്പയുടെ മുമ്പില് പെട്ടിട്ടുണ്ട്.
ആക്രമണം 60ഓളം കടകള്ക്കുനേരേ
മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിടെ കച്ചവടക്കാര് പടയപ്പയുടെ മുമ്പില് നിസഹായരാണ്. ഇവിടങ്ങളിലെ അറുപതോളം കടകളാണ് പലപ്പോഴായി പടയപ്പയുടെ ആക്രമണം നേരിട്ടിട്ടിള്ളത്. കടകളില് വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കള് അകത്താക്കാനാണ് കടകള് തകര്ക്കുന്നത്. ഇതു കൂടാതെ അടുത്തിടെ റേഷന് കടകള് തകര്ക്കുന്നതും പതിവാക്കിയിട്ടുണ്ട്. സമീപകാലത്തായി രണ്ടു തവണയാണ് ലോക്കാടിലെ റേഷന് കട പടയപ്പ തകര്ത്തത്. കടയില് സൂക്ഷിച്ചിരുന്ന അരിച്ചാക്കുകള് എല്ലാം പുറത്ത് വലിച്ചിടുകയും ചെയ്യുന്നതോടെ പലപ്പോഴും വ്യാപാരികള്ക്കു വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. മൂന്നാറില് എത്തുന്ന സഞ്ചാരികള്ക്കായി തയാറാക്കിയിരിക്കുന്ന കടകളാണ് പലപ്പോഴും തകര്ക്കപ്പെടുന്നത്. നിരവധി തവണ ആനയുടെ ആക്രമണം നേരിട്ടിട്ടുള്ള ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയായ പുണ്യവേലിന്റെ കടയും പടയപ്പ തകര്ത്തത് അടുത്തിടെയാണ്.
►സഞ്ചാരിയായ കാട്ടുകൊമ്പന്◄
പടയപ്പയുടെ സഞ്ചാര പഥങ്ങള് നിരീക്ഷിക്കാനും ജനങ്ങള്ക്കു മുന്നറിയിപ്പ് നല്കാനും വനം വകുപ്പിന്റെ കീഴിലുള്ള രണ്ടു റാപ്പിഡ് റെസ്പോണ്സ് ടീമുകളാണ് നിലവിലുള്ളത്. എന്നാല് ഈ ടീമുകളെ ഏറ്റവും അധികം വലയ്ക്കുന്ന കാര്യം ഓരോ ദിവസവും പടയപ്പ സഞ്ചരിക്കുന്നത് മുപ്പതു മുതല് അറുപതു വരെ കിലോമീറ്ററാണ്. മാട്ടുപ്പെട്ടിയില് പടയപ്പയെ രാത്രിയില് കണ്ടാല് അടുത്ത ദിവസം കാണുന്നത് തലയാര് കടുകുമുടിയിലാണ്. മാട്ടുപ്പെട്ടിയില്നിന്നു റോഡുമാര്ഗം 45 കിലോമീറ്റര് സഞ്ചരിച്ചുവേണം ഇത്രയും ദൂരം എത്താന്. നടത്തം വനത്തിനുള്ളിലൂടെ ആയതിനാല് നിരീക്ഷണ സംഘത്തിന് പലപ്പോഴും പിന്തുടരാനാകുന്നില്ല.
ആന എത്തുന്ന ജനവാസ മേഖലകളില് താമസിക്കുന്നവര്ക്ക് മുന്നറിയിപ്പ് നല്കി കാടുകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആര്ആര്ടി സംഘങ്ങള് നീരീക്ഷണം നടത്തുന്നത്. എന്നാല് നിരീക്ഷണ സംഘത്തിനും പിടികൊടുക്കാതെ ആന റോഡിലിറങ്ങി ആക്രമണത്തിന് മുതിരുന്നത് വിനോദസഞ്ചാരികള് ഉള്പ്പെടെയുള്ള ജനങ്ങള്ക്ക് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. പടയപ്പയുടെ പരാക്രമങ്ങള് ഏറിയയോടെ കഴിഞ്ഞ മാര്ച്ച് മുതല് ഹൈറേഞ്ച് സര്ക്കിള് ചീഫ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് ആര്.എന്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ നിരീക്ഷിച്ചു വന്നിരുന്നത്.
ഏതു സമയത്തും ആക്രമണം ഉണ്ടാകാന് ഇടയുള്ള സാഹചര്യത്തില് കൂടുതല് കരുതല് നടപടികള് വേണമെന്ന ആവശ്യം ശക്തമാകുകയാണ്. പടയപ്പ നിരന്തരം എത്തുന്ന മൂന്നാര് ഉദുമല് പേട്ട അന്തര് സംസ്ഥാന പാതയില് വനം വകുപ്പിന്റെ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്. എന്നാല് ആളുകളെ ആക്രമിക്കാന് തയാറാകാത്ത പടയപ്പയെ നാടുകടത്തരുതെന്ന ആവശ്യമായി ഏതാനുംപേര് നേരത്തേ രംഗത്തെത്തിയിരുന്നു.
Kerala
മൂന്നാര്: ഇരവികുളം നാഷണല് പാര്ക്കില് ഫെബ്രുവരി ഒന്നു മുതല് സന്ദര്ശകര്ക്ക് താല്ക്കാലികമായി വിലക്ക് ഏര്പ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാര്ക്ക് താല്ക്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിന്കുട്ടികളെ കണ്ടെത്തിയതിനെ തുടര്ന്നാണ് പാര്ക്ക് അടയ്ക്കുവാന് തീരുമാനിച്ചത്.
മാര്ച്ച് 30 വരെയാണ് താല്ക്കാലികമായി സന്ദര്ശകര്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രില് ഒന്നു മുതല് സന്ദര്ശകര്ക്ക് പാര്ക്കില് പ്രവേശനം അനുവദിക്കും. ജനുവരിയുടെ രണ്ടാംപാദം മുതല് മാര്ച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം.
അപൂര്വ ഇനമായ വരയാടുകള്ക്ക് പ്രസവസമയത്ത് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്കരുതല് എന്ന നിലയ്ക്കാണ് പാര്ക്ക് അടച്ചിടുന്നത്. നിശ്ചിത സമയത്തിനുള്ളില് പ്രജനനം പൂര്ത്തിയാകാത്ത പക്ഷം പാര്ക്ക് വീണ്ടും തുറക്കുന്ന തീയതിയില് മാറ്റം വന്നേക്കും.
കഴിഞ്ഞ നാലുവര്ഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളുടെ എണ്ണത്തിൽ ഗണ്യമായി വര്ധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവര്ഷങ്ങളില് ശരാശരി 70 മുതല് 100 വരെ വരയാട്ടിന്കുട്ടികള് പിറക്കുന്നുണ്ടെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
Kerala
ഇടുക്കി: വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്ഷത്തിൽ നാലുപേര്ക്ക് പരിക്ക്. ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വിനോദ സഞ്ചാരികൾ രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പരിക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ഇടുക്കി: മൂന്നാറിൽ കാർ യാത്രക്കാരെ വിരട്ടി കാട്ടുകൊമ്പൻ. ഇന്നു രാവിലെ നല്ലതണ്ണി റോഡിലായിരുന്നു സംഭവം. മൂന്നാർ ടൗണിൽനിന്നു രണ്ടര കിലോമീറ്റർ ദൂരെ ഡോക്ടേഴ്സ് ബംഗ്ലാവിലേക്കു പോകുന്ന വഴിയിലാണ് ആനയെക്കണ്ട് വഴിയിൽ ഒതുക്കിയ കാറിനു സമീപത്തുകൂടി ചിന്നംവിളിച്ച് ആന കടന്നുപോയത്.
കഴിഞ്ഞ കുറെ ദിവസമായി പടയപ്പ എന്ന കൊമ്പനും മറ്റു ചില കൊമ്പൻമാരും മൂന്നാറിന്റെ പല ഭാഗത്തും റോഡിൽ ഇറങ്ങുന്നുണ്ട്. പടയപ്പ ഇടയ്ക്കിടെ ആക്രമണങ്ങളും നടത്തുന്നുണ്ട്. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ആനകളുടെ നാട്ടിലേക്കുള്ള ഇറക്കം.
ആനകളെ ടൗണിൽനിന്നു തുരത്തണമെന്ന് നാട്ടുകാരും വ്യാപാരികളുമെല്ലാം തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണ്. പടയപ്പ വീടുകൾക്കു നേരെയും കടകൾക്കു നേരെയും ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ കാലങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
മൂന്നാര്: ഊബര് ടാക്സി ഡ്രൈവറെയും സഞ്ചാരികളായ യാത്രക്കാരെയും ഭീഷണിപ്പെടുത്തിയതായി ആരോപണം. പ്രാദേശിക ടാക്സി ജീപ്പ് ഡ്രൈവര്മാരാണ് വാഹനം തടഞ്ഞുനിര്ത്തി ഭീഷണി മുഴക്കിയത്. മൂന്നാറില് ഊബര് ഓടാന് അനുവദിക്കില്ലെന്നും പ്രാദേശിക ടാക്സി ഓടിക്കാന് മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡ്രൈവര്മാര് പറഞ്ഞതായാണ് ആരോപണം.
എറണാകുളത്ത് നിന്ന് സഞ്ചാരികളുമായി വന്ന ഊബര് ടാക്സി ഡ്രൈവറുടെ കാറാണ് കഴിഞ്ഞ ദിവസം ഓള്ഡ് മൂന്നാറില് പ്രാദേശിക ജീപ്പ്, ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്മാര് തടഞ്ഞ് ഭീഷണി മുഴക്കിയത്.
ഊബര് ടാക്സിക്ക് മൂന്നാറില് ഓടാന് അനുമതി ഉണ്ടോയെന്നായിരുന്നു ഡ്രൈവര്മാരുടെ ചോദ്യവും ഭീഷണിയും.
രാജ്യത്ത് എവിടെയും ഓടാമെന്ന് അറിയിച്ച ഊബര് ഡ്രൈവറെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഉത്തരേന്ത്യയില്നിന്നുള്ള യാത്രക്കാര് ഊബറില്നിന്ന് പുറത്തിറങ്ങി. എന്നാല് സംഭവത്തില് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മൂന്നാര് പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള് വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മൂന്നാറിലേക്ക് എത്തുന്ന യാത്രക്കാര്ക്ക് ഏതു വാഹനം വേണമെങ്കിലും യാത്രയ്ക്കായി ഉപയോഗിക്കാമെന്നും മുന്നാര് പോലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പ് മുംബൈയില്നിന്ന് ഊബറില് എത്തിയ വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിലെ ടാക്സി ഡ്രൈവര്മാര് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സംഭവം യുവതി സമൂഹ മാധ്യമങ്ങളില് പങ്കുവച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്നാര് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തില് അന്വേഷണം ആരംഭിച്ചതായും ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും മൂന്നാര് പോലീസ് പറഞ്ഞു.
Kerala
മൂന്നാര്: ശൈത്യത്തിന്റെ പിടിയിലമര്ന്ന് മൂന്നാര്. താപനില മൈനസ് ഡിഗ്രിയില് എത്തിയതോടെ പുല്മേടുകളും എസ്റ്റേറ്റും മലനിരകളും മഞ്ഞില് പുതഞ്ഞ നിലയിലാണ്. ചെണ്ടുവര, നല്ലതണ്ണി, സൈലന്റ്വാലി, സെവന്മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില് എത്തിയത്.
മാട്ടുപ്പെട്ടി, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില് പൂജ്യം ഡിഗ്രി സെല്ഷസായിരുന്നു കുറഞ്ഞ താപനില. മൂന്നാര് ടൗണില് രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒന്നിലേക്ക് താപനില താഴ്ന്നു. ഇതോടെ കനത്ത മഞ്ഞും തണുപ്പുമാണ് ഇവിടെ അനുഭവപ്പെടുന്നത്. മുന് വര്ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പിന്റെ കാഠിന്യം കൂടുതലാണ്.
ശൈത്യം ആസ്വദിക്കാന് ധാരാളം വിനോദസഞ്ചാരികൾ മൂന്നാറില് എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്ച്ചയായി മഴ പെയ്തതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില് കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്ഷസ് വരെ എത്തിയിരുന്നു. മൂന്നാര് ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്ഷസായിരുന്നു താപനില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്സമയത്തും നല്ല തണുപ്പാണ്.
ശൈത്യം ഇനിയും വര്ധിക്കാനാണു സാധ്യത. തണുപ്പ് ആസ്വദിക്കാന് അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില് ഹോട്ടലുകളും റിസോര്ട്ടുകളിലുമെല്ലാം തിരക്ക് വര്ധിച്ചുതുടങ്ങിയിട്ടുണ്ട്.
Kerala
ഇടുക്കി: ശൈത്യം കഠിനമായതോടെ മൂന്നാറും പരിസരപ്രദേശങ്ങളും തണുത്തുറയുന്നു. വിവിധ ഇടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കു താഴെയെത്തിയതോടെ വിനോദസഞ്ചാര മേഖലയും ഉണർവിലാണ്. മഞ്ഞുപാളികൾ പുതച്ച തേയിലത്തോട്ടങ്ങളും കഠിനമായ ശൈത്യവും മൂന്നാറിനെ മറ്റൊരു കാഷ്മീരാക്കി മാറ്റിയിരിക്കുകയാണ്.
മഞ്ഞുപുതച്ച മൂന്നാർ കാണാൻ ഒട്ടേറെ പേരാണ് ദിവസേനയെത്തുനത്.
കന്നിമല, നടയാർ, നല്ലതണ്ണി, മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഇന്നു പുലർച്ചെ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മറയൂർ, കാന്തല്ലൂർ മേഖലകളിലും കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലയാറിൽ താപനില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നു.
പുലർച്ചെയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ തേയിലത്തോട്ടങ്ങളും വാഹനങ്ങളുടെ മുകൾഭാഗവും മഞ്ഞുപാളികളാൽ മൂടിയിരിക്കുകയാണ്.
പുല്ലുകളിലും തേയിലച്ചെടികളിലും മഞ്ഞുതുള്ളികൾ ഐസ് കട്ടകളായി ഉറച്ചുകിടക്കുന്ന കാഴ്ചയാണ് മേഖലയിലുടനീളമുള്ളത്. കഠിനമായ മഞ്ഞുവീഴ്ച കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പലേടങ്ങളിലും തേയിലച്ചെടികൾ മഞ്ഞുവീണ് കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിൽ തണുപ്പ് മൈനസ് രണ്ട് ഡിഗ്രി വരെ എത്തിയതോടെ പ്രദേശം ആകെ തണുത്തുറഞ്ഞ നിലയിലായി. വരും ദിവസങ്ങളിലും തണുപ്പ് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
TRAVEL
തെക്കിന്റെ കാഷ്മീർ മൂന്നാർ അതിശൈത്യത്തിലേക്ക്, സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മൂന്നാറിൽ അനുഭവപ്പെടുന്നുണ്ട്.
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വ്യാപകമായി മൂന്നാറിലെത്തിത്തുടങ്ങി.
മൂന്നാർ ടൗണ്, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീണതോടെ ഇത് സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നായി മാറി. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് അടുത്ത ദിവസങ്ങളിൽ വർധിക്കും.
District News
കൊച്ചി: മൂന്നാറിലേക്ക് “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു. ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ യാത്രയിൽ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 18 മുകളിൽ പ്രായമുള്ളവരെ സൈക്കിൾ യാത്രയിലേക്ക് മടക്കി കൊണ്ടുവരിക എന്ന സന്ദേശവുമായാണ് പെഡൽ ഫോഴ്സ് മൂന്നാറിലേക്ക് സൈക്കിൾ യാത്ര നടത്തുന്നത്. വിവരങ്ങൾക്ക്: 98475 33898.
Kerala
മൂന്നാർ: പേരുകൊണ്ട് ശ്രദ്ധ നേടിയ മൂന്നാർ പഞ്ചായത്തിലെ സോണിയ ഗാന്ധിക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ തോൽവി. ബിജെപി സ്ഥാനാർഥിയായി മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിൽ നിന്നായിരുന്നു സോണിയ ഗാന്ധിയുടെ മത്സരം. സിപിഎമ്മിന്റെ വലർമതിയാണ് ഇവിടെ ജയിച്ചത്.
നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരു കൊടുത്തത്.
ഭർത്താവ് ബിജെപി പ്രവർത്തകനായതോടെയാണ് സോണിയയും ബിജെപി അനുഭാവിയായത്. പഴയ മൂന്നാർ മൂലക്കടയിൽ ഒന്നര വർഷം മുൻപു നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സുഭാഷ് ബിജെപി സ്ഥാനാർഥിയായിരുന്നു.
Kerala
കോട്ടയം: നെല്ലാപാറയിൽ സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്പോഴായിരുന്നു അപകടം നടന്നത്. നെല്ലാപാറയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. അപകടം നടക്കുന്പോൾ ബസിൽ 42 വിദ്യാർഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
ഇടുക്കി: മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി. കുടുങ്ങിക്കിടന്ന അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയെന്ന് അധികൃതർ പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിയത്.
Kerala
മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.
സ്കൈ ഡൈനിംഗ് ഉയർത്തിയിരിക്കുന്ന ക്രെയിനിന്റെ സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നത്. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അതേസമയം അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംഗിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിന്റെ ഭാഗമായാണ് സ്കൈ ഡൈനിംഗ് ഒരുക്കിയിരിക്കുന്നത്. 120 അടി ഉയരത്തിലാണ് സ്കൈ ഡൈനിംഗ് ക്രമീകരിച്ചിരിക്കുന്നത്. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക.
ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി.
Kerala
മറയൂർ: തലയാർ എസ്റ്റേറ്റിലെ പാമ്പൻമലൈ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. പ്രദേശവാസിയായ വിനായകൻ എന്നയാളുടെ മൂന്ന് വയസുള്ള പശുവിനെയാണ് പുലി പിടിച്ചത്.
ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഏലക്കാട് എന്നറിയപ്പെടുന്ന ഫീൽഡ് നമ്പർ 27-ന് സമീപത്ത് മേയാൻ വിട്ടിരുന്ന പശുക്കൾ പെട്ടെന്ന് വിരണ്ടോടുന്നത് ശ്രദ്ധയിൽപെട്ട തോട്ടം തൊഴിലാളികൾ പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ പിൻഭാഗം പുലി ഭക്ഷിച്ച നിലയിലായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കാന്തല്ലൂരിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി ജഡം പരിശോധിച്ചു.
പ്രദേശത്ത് പുലി ശല്യം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. കുട്ടികളെയും കന്നുകാലികളെയും പുറത്തുവിടാൻ ഭയക്കുന്ന സ്ഥിതിയിലാണ് നാട്ടുകാർ.
വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിക്കുകയോ മയക്കുവെടി വച്ച് പുലിയെ പിടിക്കുകയോ ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തോട്ടം തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.
District News
കൊച്ചി: വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി പെഡൽ ഫോഴ്സ് സൈക്കിളിംഗ് കൂട്ടായ്മ മൂന്നാറിലെ വട്ടവടയിലേക്ക് ‘സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര’ നടത്തുന്നു.
മൗണ്ടൻ ഹട്ട്, ഹേസി മൗണ്ടൻ എന്നീ റിസോർട്ടുകളുടെ സഹകരണത്തോടെ ജനുവരി 11നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തെ യാത്രയിൽ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 20 പേർക്കാണ് അവസരം. വിവരങ്ങൾക്ക് 98475 33898.
Kerala
മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളുമായി പോയ ടാക്സിയാണ് തടഞ്ഞത്.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവം ഓൺലൈൻ ടാക്സി ഡ്രൈവർ ആന്റണി പെരുമ്പള്ളി മൂന്നാർ പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി.
ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞത്.
പിന്നീട് പോലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കിയത്.
Kerala
ഇടുക്കി: വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിൽ ടാക്സി ഡ്രൈവര്മാര് തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര് വാഹന വകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് സസ്പെന്ഡ് ചെയ്തു.
ആറുമാസത്തേക്കാണ് ലൈസന്സ് സസ്പെന്ഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്തപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.
സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെന്ഡ് ചെയ്തിരുന്നു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര് വാഹന വകുപ്പും നടപടിയെടുത്തത്.
Kerala
കാസര്ഗോഡ്: മൂന്നാറില് മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവര്മാര് ഭീഷണിപ്പെടുത്തിയ സംഭവം ദൗര്ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസര്ഗോട്ട് മാധ്യമപ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതീക്ഷയോടെയാണ് അവര് കേരളത്തിലെത്തിയത്. ഇന്ത്യയില് ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണു കേരളം. മൂന്നാറില് നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്കൂടി വാര്ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില് കുറവ് വരരുത്.
ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഇങ്ങനെയൊരു അനുഭവം ഒരു ടൂറിസ്റ്റിന് ഉണ്ടാകാന് പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Kerala
ഇടുക്കി: റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞ സ്പെഷ്യൽ തഹസിൽദാരെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവി ജില്ലാ കളക്ടർക്കും പോലീസിലും പരാതി നൽകി.
കഴിഞ്ഞ ഒന്നിന് ദേവികുളത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് സിപിഎം നേതാവ് ജോബി ജോൺ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച ഓഫീസിലെത്തിയ ജോബി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗായത്രി ദേവി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സ്പെഷ്യൽ തഹസിൽദാരുടെ ആരോപണം ജോബി ജോൺ നിഷേധിച്ചു.
Kerala
ഇടുക്കി: മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവര്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതി മൂന്നാർ സന്ദർശിക്കാൻ എത്തിയിരുന്നു. സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോഴാണ് പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും യുവതിക്ക് ദുരനുഭവമുണ്ടായത്.
ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഡ്രൈവർമാർ ഇവരെ തടയുകയായിരുന്നു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറഞ്ഞിരുന്നു. വീഡിയോ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടിയെടുത്തിരുന്നു.
Kerala
ഇടുക്കി: മൂന്നാര് സന്ദര്ശനത്തിനെത്തിയ വിനോദ സഞ്ചാരിയായ യുവതിക്കു ടാക്സി ഡ്രൈവര്മാരില്നിന്നു ദുരനുഭവം ഉണ്ടായ സംഭവത്തില് കേസെടുത്ത് പോലീസ്.
ആദ്യം സംഭവം നിസാരവത്കരിച്ച പോലീസ് യുവതി തനിക്കു നേരിട്ട അനുഭവം സോഷ്യല്മീഡിയ വഴി പങ്കു വയ്ക്കുകയും ഇത് വലിയ ചര്ച്ചയാകുകയും ചെയ്തപ്പോഴാണ് മൂന്നാര് പോലീസ് കേസെടുക്കാന് തയാറായത്. യുവതി തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില് പങ്കുവച്ചതോടെ സംഭവം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലെത്തിയതോടെയാണ് അധികൃതര് പ്രശ്നത്തില് ഇടപെട്ടത്.
മുംബൈയില് അസി. പ്രഫസറായ ജാന്വി എന്ന യുവതിക്കാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്മാരില്നിന്നു ദുരനുഭവം നേരിട്ടത്. ആലപ്പുഴയിലും കൊച്ചിയിലും സന്ദര്ശനം നടത്തിയ ശേഷമാണ് യുവതി ഓണ്ലൈന് ടാക്സിയില് മൂന്നാറിലെത്തിയത്. എന്നാല് ഇവര് എത്തിയ വാഹനം മൂന്നാറിലെ ടാക്സി ഡ്രൈവര്മാര് തടയുകയായിരുന്നു.
മൂന്നാറില് ഓണ്ലൈന് ടാക്സികള് നിരോധിച്ചിട്ടുണ്ടെന്നും തദ്ദേശീയമായ ടാക്സി വാഹനങ്ങള് മാത്രമേ സര്വീസ് നടത്താവും എന്നും നിബന്ധനയുണ്ടെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. തുടര്ന്ന് യുവതിയും ഡ്രൈവര്മാരുമായി വാക്കേറ്റമുണ്ടായി. ഇതോടെ യുവതി സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.
എന്നാല് സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവര്മാര്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മൂന്നാര് സന്ദര്ശനത്തിനു നില്ക്കാതെ യുവതി മറ്റൊരു വാഹനത്തില് തിരികെ മടങ്ങുകയായിരുന്നു.
തുടര്ന്നാണ് യുവതി തനിക്കു നേരിട്ട ദുരനുഭവം സോഷ്യല് മീഡിയയില് പങ്കുവച്ചത്. മൂന്നാറിലെ ടാക്സി ഡ്രൈവര്മാര് വന് തുകയാണ് നിരക്കായി ആവശ്യപ്പെട്ടതെന്ന് യുവതി വീഡിയോയില് പറഞ്ഞു. ഓരോരുത്തര്ക്കും അവരുടെ ഗതാഗത രീതി തെരഞ്ഞെടുക്കാന് അവകാശമുണ്ട്. തന്റെ അനുഭവം ഓണ്ലൈനില് പങ്കുവച്ചതിനു ശേഷം വിവിധ സംസ്ഥാനങ്ങളില് സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരില്നിന്ന് സന്ദേശങ്ങള് ലഭിച്ചു.
കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. തനിക്കു കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദര്ശിക്കാന് ഇനി കഴിയില്ലെന്നും ജാന്വി വിഡിയോയില് പറയുന്നു.
ഇതിനിടെ മൂന്നാറില് ടാക്സി ഡ്രൈവര്മാര്ക്ക് അനൂകൂലമായ നിലപാടാണ് പോലീസും ജന പ്രതിനിധികളും സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്ന്നിട്ടുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടാക്സി ഡ്രൈവര്മാര് മറ്റിടങ്ങളില്നിന്നും വരുന്ന ഓണ്ലൈന് ടാക്സികള് തടയുന്നത്.
വിഷയം ശ്രദ്ധയില്പ്പെട്ടെന്നും ടാക്സി ഡ്രൈവര്മാരും പോലീസുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എ. രാജ എംഎല്എ പറഞ്ഞു.
Kerala
ഇടുക്കി: മൂന്നാര് ഗ്യാപ് റോഡില് കൂറ്റന് പാറക്കല്ല് റോഡിലേക്ക് പതിച്ചു. പാറ ഇവിടെനിന്ന് നീക്കാനുള്ള നടപടികള് തുടരുകയാണ്
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയത്ത് വാഹനങ്ങള് ഇതുവഴി കടന്നുപോകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഇപ്പോള് റോഡിന്റെ ഒരു ഭാഗത്തുകൂടി വാഹനങ്ങള് കടത്തിവിടുന്നുണ്ട്.